07 February 2014

                                                          ശ്രദ്ധ (ചെറുകഥ) 


ശ്രദ്ധ (ചെറുകഥ) 
=============================

ജോലി കഴിഞ്ഞു രാത്രി എട്ടു മണിക്കാണ് മോഹന്‍ വിട്ടിലെത്തിയത്,നല്ലവിശപ്പുണ്ടായിരുന്നു,വന്ന ഉടനെ ഭക്ഷണം വിളമ്പിതരാന്‍ ഭാര്യ മാലതിയെ തേടി.അവളെ വിട്ടിനകത്തു കാണാത്തത് കൊണ്ട് അവന്‍ ഉറക്കെ വിളിച്ചു ''മാലതി.....''വിടിന് മുകളില്‍ ടെറസ്സില്‍ നിന്ന് അവളുടെ ശബ്ദം''കുറച്ചു നേരം ക്ഷമിക്ക് ഇപ്പോള്‍ വരാം...!"

അകത്തെ മുറിയില്‍ അമ്മ കാല്‍മുട്ടിനു വേദന മാറാന്‍ കുഴമ്പ് പുരട്ടികൊണ്ടിരുന്നു.
''മാലതി വിശക്കുന്നു വന്നു ചോറ് വിളമ്പി താ.....''കുറച്ചു സമയം കഴിഞ്ഞ് അവന്‍ പറഞ്ഞു
''ആ ടേബിളില്‍ എടുത്ത് വച്ചിട്ടുണ്ട്....എടുത്ത് കഴിചോളു......!''
അവന് ദേഷ്യം വന്നു !...ഭര്‍ത്താവിനു ഭക്ഷണം എടുത്ത് തരാന്‍പോലും ഇവള്‍ക്ക് സമയമില്ലതയായി.ഓഫിസില്‍ ഒത്തിരി ജോലി ചെയ്തു തിര്‍ക്കാനുണ്ടായിരുന്നത്കൊണ്ട് ഉച്ചയ്ക്ക് ലഞ്ച് ബ്രെയ്ക്കിന് പോലും പോകാന്‍ നിന്നില്ല,ഉച്ചഭക്ഷണം മുടങ്ങിയത് കൊണ്ട് വിശന്നിട്ട് വയറു കാളുന്നു!
വന്ന ദേഷ്യത്തിനു തനിയെ പുലമ്പികൊണ്ട് ചോറ് പ്ലൈയിറ്റില്‍ ഇട്ടു കഴിക്കാന്‍ തുടങ്ങി.
കുറച്ചു കഴിച്ചുകഴിഞ്ഞപ്പോള്‍ തൊണ്ടയില്‍ തടസ്സം തോന്നി ,വെള്ളം കുടിക്കുന്നതിനയായി ടേബിളില്‍ ഉണ്ടായിരുന്ന ജഗ്ഗ് കൈയെത്തിയെടുത്തു....ജഗ്ഗില്‍ ഒരുതുള്ളി വെള്ളമില്ല,
''മാലതി.....!''വലിയ ഒച്ചയില്‍ കുപിതനായി അവന്‍ വിളിച്ചു.
''ഒട്ടും ക്ഷമയില്ലാതെ പോയല്ലോ നിങ്ങള്‍ക്ക്...വരാമെന്ന് പറഞ്ഞില്ലേ...കുറച്ചു നേരംകുടി വെയിറ്റ് ചെയ്യു.....! ടെറസ്സില്‍ നിന്നും വിണ്ടും അവളുടെ ശബ്ദം.

''ഛെ ഛെ....ഭക്ഷണം കൊണ്ടുവന്നു ടേബിളില്‍ വയ്ക്കുമ്പോള്‍തന്നെ വെള്ളവും വയ്ക്കണമെന്ന് ഇവള്‍ക്ക് അറിയില്ലേ ! എത്ര പ്രാവിശ്യം പറഞ്ഞാലും തലക്കകത്ത് കയറില്ല...''ഇതും പറഞ്ഞുകൊണ്ട് അവന്‍ വെള്ളമെടുക്കുന്നതിനയായി എഴുന്നേറ്റു.

അപ്പോഴേയ്ക്കും അമ്മ ഒരു ഗ്ലാസില്‍ വെള്ളം കൊണ്ട് വന്ന് അവന് കൊടുത്തു
''ഭക്ഷണം കഴിക്കുമ്പോള്‍ ദേഷ്യപ്പെടാതെ കഴിക്ക് മോനെ...!എങ്കില്‍ മാത്രമേ അത് ശരിരത്തില്‍ പിടിക്കുകയുള്ളു ''നടക്കാന്‍ വളരെ പ്രയാസപ്പെട്ട് അമ്മ മുറിയിലേക്ക് പോകുന്നത് കണ്ടപ്പോള്‍ അവന്‍ ചിന്തിച്ച്പോയി
''അമ്മമാര്‍ക്ക് മക്കളുടെകാര്യത്തില്‍ ഉള്ള അത്രപോലും ശ്രദ്ധ ഭാര്യമാര്‍ക്ക് എന്ത് കൊണ്ട് ഭര്‍ത്താക്കന്‍മാരുടെ കാര്യത്തില്‍ ഇല്ലാത്തത്''
എന്തായാലും ഇപ്പോള്‍ തന്നെ മാലതിയോട് രണ്ടു പറഞ്ഞാലേ ,ഇനിയുള്ള സമയങ്ങളില്‍ ഇതുപോലെ കരുതല്‍ ഇല്ലാതെ കാര്യങ്ങള്‍ ചെയ്യാതിരിക്കുകയുള്ളു !.
ഭക്ഷണം കഴിക്കുന്നത്‌ നിര്‍ത്തിയിട്ടു കൈകഴുകാതെ അവളെ തേടി വിടിന്റെ ടെറസ്സിലേക്ക് സ്റെപ്പ് കയറിചെന്നു.

അവിടെ കുഞ്ഞുമായി മാലതി....!ഒരു കൈകൊണ്ട് ഒക്കത്തിരിക്കുന്ന കുഞ്ഞിനെ പിടിച്ചിരിക്കുന്നു,മറ്റേ കൈയില്‍ കുഞ്ഞിനുള്ള ചോറ് ഇരിക്കുന്ന പത്രം.ആകാശത്തില്‍ നിറഞ്ഞുനിന്നിരുന്ന അമ്പിളിഅമ്മാവനെ കാണിച്ചു ''ഇനി ഒരു ആ പറയു മോളെ അമ്പിളിഅമ്മാവനോട്.....''
''ആ ആ ''എന്ന് കുഞ്ഞു പറയാന്‍ വാ തുറന്നപ്പോള്‍ അവള്‍ ഒരുഉരുള ചോറ് കുഞ്ഞിന്‍റെ വായിലേക്ക് വെച്ചുകൊടുത്തു
''മോളെ നമ്മുക്ക് ഇനിയും ... ആ ആ എന്ന് പറഞ്ഞു കളിക്കാം...ഇതു മുഴുവന്‍ എന്‍റെ പൊന്നുമോള് ..ചക്കരകുട്ടി കഴിക്കണം ട്ടോ..!

അവനെ നോക്കി മാലതി പറഞ്ഞു''എത്ര നേരമായന്നോ മോളെ ഓരോന്ന് പറഞ്ഞ് കുറച്ചു ചോറ് കഴിപ്പിക്കാന്‍ നോക്കുന്നു ....വല്ലാത്ത ശാഠൃംകാണിക്കുന്നു ഇന്ന്....മോള് ഇപ്പോഴാ രണ്ടു പിടി കഴിച്ചത്...!
അത് കൊണ്ടാ പറഞ്ഞത് കുറച്ച് നേരം വെയിറ്റ് ചെയ്യാന്‍...ഞാന്‍ വന്നു എടുത്ത് തരുമായിരുന്നില്ലേ...നിറയെ കഴിച്ചോ ചേട്ടാ...''സ്നേഹത്തോടെ അവള്‍ അവന്‍റെ മാറിലേക്ക് തല ചായ്ച്ചു .

കോപിതനയായി ടെറസ്സില്‍ എത്തിയ മോഹന്‍ ശാന്തനായി ,മാലതിയും കുഞ്ഞിനേയും തന്നോട് ചേര്‍ത്തുനിര്‍ത്തി തലോടി.
അപ്പോള്‍ അവന്‍ കുറച്ചു നേരത്തെ പറഞ്ഞത് ഓര്‍ത്തു
''അമ്മമാര്‍ക്ക് മക്കളുടെകാര്യത്തില്‍ ഉള്ള അത്രപോലും ശ്രദ്ധ ഭാര്യമാര്‍ക്ക് എന്ത് കൊണ്ട് ഭര്‍ത്താക്കന്‍മാരുടെ കാര്യത്തില്‍ ഇല്ലാത്തത്''
പിന്നെ മനസ്സില്‍ ഇങ്ങനെ തിരുത്തി
''ഭാര്യക്ക് ഭര്‍ത്താവിന്‍റെ മേല്‍ ഉള്ള ജാഗരുകതയെക്കാളും കുടുതല്‍ ഒരു അമ്മയ്ക്ക് തന്‍റെ കുഞ്ഞിനോട് ഉണ്ടായിരിക്കും''