02 February 2014

മറക്കാന്‍ കഴിയാത്ത നൊമ്പരങ്ങള്‍ - ഓര്‍മ്മകുറിപ്പ്
---------------------------------------------------------------------
സുര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം കെട്ടിപ്പടുത്ത് ഒട്ടുമിക്ക രാജ്യങ്ങളെയും കോളനികളാക്കി ഭരണചക്രം തിരിച്ച ഗ്രേറ്റ്‌ബ്രിട്ടന്‍റെ ലണ്ടന്‍ നഗരത്തിലെ ഒരു കോണില്‍ തണുത്തുറഞ്ഞ രാത്രിയില്‍ ഉറക്കംകെടുത്തുന്നു ചിന്തകളെ എത്ര നിയന്ത്രിച്ചിട്ടും കടിഞ്ഞാണ്‍ ഇടാന്‍ സാധിക്കുന്നില്ല. ഒരു പതിറ്റാണ്ടില്‍ കുടുതലായി ഈ നഗരത്തിലെ അന്തേവാസിയായിട്ട്. അതിനു മുന്‍പ് അറേബ്യയിലെ
അഞ്ചാറുവര്‍ഷത്തെ ജിവിത അനുഭവങ്ങളും.

പുറത്ത് നല്ല തണുപ്പ്, മുറിയില്‍ ഹിറ്റര്‍ ഉണ്ടെങ്കിലും അതു മതിയാകാതെ വരുന്നു ഇപ്പോള്‍. പത്ത് വര്‍ഷങ്ങള്‍ക്കുശേഷം മഞ്ഞിനേയും ശൈത്യത്തെയും പ്രതിരോധിക്കാനുള്ള ശക്തി ശരിരത്തിനു നഷ്ടപ്പെട്ടുവോ എന്നു തോന്നിതുടങ്ങിയിരിക്കുന്നു. അതുകൊണ്ട്തന്നെ ഒരു പൊര്‍ട്ട്‌ബിള്‍ ഇലക്ട്രിക്‌
ഹിറ്റര്‍ മുറിയില്‍ കരുതിയിട്ടുണ്ട്. ഈ രാത്രിയിലെ തണുപ്പിനു അതും പ്രവത്തിപ്പിക്കേണ്ടിവന്നു.

രാത്രി വളരൈ വൈകി ഉറങ്ങാന്‍ കിടന്നാലും ഇപ്പോള്‍ കുറച്ചു നാളുകളായി ഉറക്കം കണ്ണുകള്‍ക്ക് അന്യമായതുപോലെ. കണ്‍പോളകള്‍ അടച്ചാലും നാടും വിടും നഷ്ടപ്പെട്ട ബാല്യവും അങ്ങനെ ഓരോ ഓര്‍മ്മകള്‍ വന്നുപോയി. ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും ആ നാളുകളിലേക്ക്, എന്‍റെ ഗ്രാമത്തിലേക്ക്, തറവാട്ടിലേക്ക് ഒരു യാത്ര തുടങ്ങുന്നു, ഇടയക്ക് എപ്പോഴോ അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീഴുന്നു.
പാടങ്ങളും വൃക്ഷങ്ങളും നിറഞ്ഞു നില്‍ക്കുന്ന പറമ്പുകളും
കുളങ്ങളും തോടുകളും അങ്ങനെ ഒരു ഗ്രാമമാണ്‌ എന്‍റെ ജന്മദേശം. നിറയെ ക്ഷേത്രങ്ങലും, കാവുകളും, പള്ളികളും, മോസ്ക്കുകളും ഉള്ള ഞങളുടെ കൊച്ചു ഗ്രാമം. ചെമ്മണ്‍പാതയിലുടെ പോയി വയലുകളും തോടുകളും താണ്ടി വഴിയില്‍ കാണുന്നവരോട് കുശലം പറഞ്ഞും
എല്ലാ ഞാറയാഴ്ച്ചയും രാവിലെ നാലഞ്ചു കിലോമീറ്റര്‍ നടന്നു ഞങ്ങള്‍ പള്ളിയില്‍ പോകുമായിരുന്നു. ക്രിസ്തുമസ് രാവില്‍ രാത്രി ഏറെ വൈകിയുള്ള കുര്‍ബാനയ്ക്ക് പോകുന്നത് വളരെ രസകരവും ഞാന്‍ ഏറെ ഇഷ്ടപ്പെട്ട ഒരു കാര്യവുംമാണ്. രാത്രിയുടെ നിശബ്ധതയില്‍ എല്ലാ അയല്‍വിട്ടുകാരും ഉറങ്ങുമ്പോള്‍ ഞങ്ങള്‍ മാത്രം ഉണര്‍ന്നിരിക്കും.പള്ളിയില്‍ നിന്നു തിരിച്ചു വരുമ്പോള്‍ നേരം പുലര്‍ന്നിരിക്കും. ക്രിസ്ത്യാനികളായി വളരെ കുറച്ചു പേര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അതില്‍ പ്രധാനമായും ഹൈസ്കൂള്‍ അധ്യാപകനായിരുന്ന മത്തായി മാസ്റ്റര്‍ ആയിരുന്നു. ഞാന്‍ അഞ്ചാം ക്ലാസ്സു മുതല്‍ പഠിച്ചതു വന്‍കുളത്തുവയലില്‍ ഉള്ള ഹൈസ്കൂളിലായിരുന്നു. സ്കൂള്‍ തുറക്കുമ്പോള്‍ പുത്തന്‍ ഉടപ്പാകെ നനഞ്ഞ് സ്കൂളിലെ ആടുന്ന ബഞ്ചിലിരുന്ന തുറന്നിട്ട ജനലിലൂടെ മഴയോട് കിന്നാരം പറഞ്ഞ പറഞ്ഞ നാളുകള്‍......
പെയ്തിറങ്ങുന്ന മഴയില്‍ നിന്ന് രക്ഷപെടാന്‍ വാഴയിലയുടെ തണലില്‍ അഭയം തേടിയത് ..... മഴ നനയാതിരിക്കാന്‍ പല്ലുകൊണ്ട് വാഴക്കൈ കടിച്ച് പറിച്ച് കുടയാക്കിയത്...
ആല്‍മരത്തിന്‍റെ തണലില്‍ കുട്ടുകരോടൊപ്പം മഴയില്‍ നിന്ന് ഓടിഒളിച്ചത്..... നിറഞ്ഞ് കിടക്കുന്ന പാടത്തെ ചേറ് വെള്ളത്തില്‍ ഓടിക്കളിച്ചത് .... പെയ്‌ത്തുവെള്ളം നിറഞ്ഞ തോടുകളില്‍ കണ്ണന്‍ ചെമ്പിലകൊണ്ട് വള്ളമുണ്ടാക്കി ഒഴുക്കിവിട്ടത് ...... ചേമ്പില വള്ളങ്ങള്‍ എങ്ങും തട്ടാതെ പോകാന്‍ അവയ്ക്ക് വഴി ഒരുക്കാന്‍ തോട്ടിലെ വെള്ളത്തിലൂടെ നടന്നു നീങ്ങിയത് ..... പുസ്തകങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ഉടുപ്പിനുള്ളിലൂടെ നിക്കറിനകത്തേക്ക് പൂഴ്‌ത്തി പുസ്തകങ്ങള്‍ക്ക് സംരക്ഷണം നല്‍കിയത്... കാറ്റടിക്കുമ്പോള്‍ കുടപിടച്ച് വരമ്പിലൂടെ നടക്കുന്ന പെണ്‍കുട്ടികളുടെ പാവാടപൊങ്ങുമ്പോള്‍ കൂവിവിളിച്ച നാളുകള്‍ ..... പാവം പെണ്‍കുട്ടികള്‍ പാവാടയെ അനുസരിപ്പിക്കുമോ കുടയെ അനുസരിപ്പിക്കുമോ ???? അവസാനം കുടമടക്കി അവരും
നനയുമ്പോള് ആര്‍പ്പുവിളികള്‍.... സൌഹൃദത്തിന്റെ ആര്‍പ്പുവിളികള്‍...

മഴയത്ത് പണ്ട് നടന്ന പാടത്തെ ചേറ്റു വരമ്പുകളിലൂടെ ഒരിക്കല്‍‌കൂടി നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു അറിയാതെ ആഗ്രഹിച്ചുപോയി. പാടത്തെ വരമ്പുകളില്‍ മഴയത്ത് ആര്‍പ്പുവിളിക്കുന്ന കുട്ടികള്‍ ഇന്നില്ല...പക്ഷേ മഴ ഇപ്പോഴും പെയ്യുന്നു... തന്റെ സൗന്ദര്യം ആരെങ്കിലും ഒക്കെ കാണുന്നുണ്ടന്നവള്‍ പ്രതീക്ഷിക്കുന്നുണ്ടാവാം..... വീടിനടുത്തുള്ള അനിവയല്‍കുളം മഴക്കാലത്ത് നിറഞ്ഞുകവിഞ്ഞു ഒഴുകും അടുത്ത വിട്ടിലെ വിനോദും കാദറും അങ്ങനെ എല്ലാ പയ്യന്‍സും കുളത്തില്‍ നിന്തികളിക്കാന്‍ പോകുമായിരുന്നു, ആര്‍പ്പുവിളിച്ചു ഒച്ചപ്പാടുണ്ടാക്കി ഒരു ഉത്സവം പോലെത്തെ അനുഭവമാണ്‌ അതൊക്കെയും.

നാട്ടിലെ കാവുകളില്‍എല്ലാ വര്‍ഷവും തെയ്യം കെട്ടി കൊണ്ടാടുമായിരുന്നു. രാത്രിയിലാണ് മിക്ക തെയ്യങ്ങളും
കെട്ടിയാടുന്നത്‌. കുട്ടികള്‍ നേരത്തെ സ്ഥലം പിടിച്ചു മുന്നില്‍ത്തന്നെ ഇരിക്കുമായിരുന്നു. തറവാട്ടിലെ മുതിര്‍ന്നവരും മറ്റ് എല്ലാവരും തെയ്യം നടക്കുമ്പോള്‍ കാവില്‍ ഉണ്ടായിരിക്കും. ഞങ്ങള്‍ എല്ലാ കുട്ടുകാരും പുലരുവോളം അവിടെ നില്‍ക്കുമായിരുന്നു. ഇടയ്ക്ക് വാസുവേട്ടന്‍റെ ചായപിടികയില്‍ നിന്നു കട്ടന്‍ചായ ഒക്കെ കുടിച്ചു നേരം പോകുന്നതറിയില്ല. ആ രാത്രികളുടെ സുന്ദരനിമിഷങ്ങളിലേക്ക് തിരിച്ചു പോകാന്‍ ഇനി ഒരിക്കലും കഴിയില്ലെന്ന് ഓര്‍ക്കുമ്പോള്‍, വിലപ്പെട്ടത് എന്തക്കൊയോ നഷ്‌ടമായതുപോലെ!!.

പുഴയുടെ അഗാത ഗര്‍ത്തങ്ങള്‍ ജിവന്‍ കവര്‍ന്നെടുത്ത എന്‍റെ കൊച്ചുപെങ്ങളുടെ നിലവിളി. ഒരു എട്ടു വയസുകാരിയുടെ അവസാനത്തെ കരച്ചില്‍, കണ്‍മുന്‍പിലുടെ പുഴയുടെ അഗാധയിലേക്ക് ഒഴികി മറഞ്ഞവള്‍. ഒരു യാത്ര കഴിഞ്ഞു ഞങള്‍ തിരിച്ചു വരുന്ന സമയത്തായിരുന്നു ആ അപകടം സംഭവിച്ചത്. ആര്‍ക്കും അവളെ രക്ഷിക്കാന്‍ സാധിച്ചില്ല.

പുഴയ്ക്ക് കുറുകെയുള്ള റെയില്‍വേ പാലം വഴി ഞങ്ങള്‍ നടന്നു പോകുകയായിരുന്നു, രാത്രി ആയതുകൊണ്ട് നല്ല ഇരുട്ടുമായിരുന്നു. ആ സമയത്ത് ട്രെയിന്‍ ഒന്നുതന്നെ കടന്നുപോകാനില്ലായിരുന്നു, പക്ഷെ അപ്രതിക്ഷിതമായി തിവണ്ടിയുടെ ശബ്ദം കേട്ടപ്പോള്‍ മുതിര്‍ന്നവര്‍ കുട്ടികളായ ഞങളെ പാലത്തിന്‍റെ അരികില്‍ കൂടിയുള്ള നടപാതയിലേക്ക് മാറ്റുമ്പോള്‍ തിരക്കിനിടയില്‍ പെട്ട് അവള്‍ പുഴയിലേക്ക് വിഴുകയായിരുന്നു. പെങ്ങളുടെ നിലവിളി കേട്ട അമ്മച്ചി എന്‍റെ മോളെ നീ എവിടെ എന്ന് ഉച്ചത്തില്‍ ചോദിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് പേടിച്ചരണ്ട ഞാനും ജേഷ്ഠനും മിണ്ടാനാകാതെ ശബ്ദം നിലച്ചവരെ പോലെ വിങ്ങിവിറച്ചുകൊണ്ട് അപ്പനെ മുറുകെ കെട്ടിപിടിച്ചിരിക്കുകയായിരുന്നു!!. അടുത്ത നിമിഷം അമ്മച്ചി കുഴഞ്ഞു വിണിപോയി. ആരോക്കയോ ഓടികുടി ഞങളെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു.

തിരച്ചില്‍ നടത്തിയെങ്കിലും പുഴയില്‍ നിന്നും ആര്‍ക്കും തന്നെ പെങ്ങളെ കണ്ടെത്താനായില്ല. മുന്നാം ദിവസം ജിവനറ്റ ശരിരം കണ്ടെത്തി. വിട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ കണ്ണുനീര്‍ വറ്റിയ അപ്പന്റെ കണ്ണുകള്‍ എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നോ..... ഒരു പത്ത് വയസ്സുകാരനായ എന്നില്‍ അന്നു പതിഞ്ഞ വേര്‍പാടിന്‍റെ വേദനയും വിങ്ങലും ഇപ്പോഴും എന്നെ നൊമ്പരപ്പെടുത്തുന്നു!!.