Articles

കോപം

=========
പ്രകൃത്യാ തന്നെ പോരാട്ട ഗുണമുള്ളവരാണ് മനുഷ്യര്‍,ഇതു ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ Dr SIGMUND FREUD എഴുതിയ ഒരു പുസ്തകത്തില്‍ പറയുന്നുണ്ട്, മനുഷ്യര്‍ ജിവിതകാലം മുഴുവന്‍ ഈ സ്വഭാവം നിയന്ത്രിക്കാന്‍ പഠിക്കുന്നു.

ഒരിക്കല്‍ മുഹമ്മദുനബി തന്‍റെ സ്നേഹിതരോട് ചോദിച്ചു ...ഈ ലോകത്തിലെ ധൈര്യശാലി ആരു എന്ന് നിങ്ങള്‍ വിചാരിക്കുന്നത് ??
ഒരു സ്നേഹിതന്‍ പറഞ്ഞു
ഇതില്‍ എന്ത് സംശയം ..പോര്‍ക്കളത്തില്‍ ധിരതയോടെ യുദ്ധം ചെയ്യുന്നവര്‍ അവരാണ് ധൈര്യശാലികള്‍
മറ്റുള്ളവരും അതിനെ അനുകുലിച്ചുകൊണ്ട് തലയാട്ടി
എന്നാല്‍ മുഹമ്മദുനബി'' അല്ലായെന്ന്'' അതിനു മറുപടിനല്‍കി
കോപം വരുമ്പോള്‍ ഏതൊരുവന്‍ തന്നെ സ്വയം നിയന്ത്രിക്കുന്നുവോ അവനാണ് ധൈര്യശാലിയെന്ന് അദ്ദേഹം പറഞ്ഞു

കോപം അടക്കിനിര്‍ത്തുവാനും ഒരു ധൈര്യം വേണം.
എല്ലാ സന്ദര്‍ഭങ്ങളിലും ദേഷ്യം നിയന്ത്രിക്കാനും സാധിക്കാറില്ല.ന്യായമായ കാര്യങ്ങള്‍ക്ക് കോപിക്കുന്നതില്‍ തെറ്റുമില്ല.
ചില സമയത്ത് കൂടെയുള്ളവര്‍ തന്നെ ചെറിയ പ്രശ്നങ്ങള്‍ വലുതാക്കി എരിയുന്ന തീയില്‍ എണ്ണയൊഴിച്ച് ആളികത്തിക്കാന്‍ ശ്രമിക്കും.പക്ഷെ ഇവരെയെല്ലാം അവഗണിച്ചു കടന്നുപോകുന്നതാണ് നമ്മുടെ ആരോഗ്യത്തിനും മനസ്സിനും നല്ലത്

ബുദ്ധന്‍റെ അടുത്ത് ഒരുവന്‍ വന്ന് അദ്ദേഹത്തോട് ദേഷ്യത്തില്‍ ചിത്ത പദങ്ങള്‍ ഉപയോഗിച്ച് മോശമായി സംസാരിച്ചു കൊണ്ടിരുന്നു. വളരെ നേരം അയാള്‍ ഉരിയാടികൊണ്ടിരുന്നുവെങ്കിലും അദ്ദേഹം അത് ശ്രദ്ധിച്ചില്ല.അയാളോട് ദേഷ്യപ്പെടാനും പോയില്ല. അയാള്‍കുറെ സമയം സംസാരിച്ചിട്ടും ഒന്നും മിണ്ടാതെ കല്ല്‌പോലെ ഇരിക്കുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ ,താന്‍ ഇത്രയധികം മോശമായി കയര്‍ത്തു സംസാരിച്ചിട്ടും ഒരു പ്രതികരണവുമില്ലാതെ ഇരിക്കുന്ന ബുദ്ധനെ കണ്ട് അതിശയിച്ചുപോയി....അയാള്‍ അദ്ദേഹത്തോട് അതിന്‍റെ കാരണം അനേഷിച്ചു
സ്വാമി ഞാന്‍ ദേഷ്യത്തില്‍ മോശമായി അങ്ങയോടു സംസാരിച്ചിട്ടും അങ്ങ് എന്താണ് ശാന്തനായി ഇരിക്കുന്നത് ?
ബുദ്ധന്‍ പറഞ്ഞു
നീ എനിക്ക് ഒരു പാത്രം നിറയെ ഭക്ഷണം തന്നാല്‍ ഞാന്‍ അത് സ്വികരിച്ചാല്‍ മാത്രമേ എന്‍റെതാകുകയുള്ളൂ,...സ്വികരിക്കാതെയിരുന്നാല്‍ അത് നിനക്ക് സ്വന്തമയതാണ്.അതെപോലെ നീ വാക്കുകള്‍ കൊണ്ട് എന്നോട് മോശമായി സംസാരിച്ചത് ഒന്നും ഞാന്‍ സ്വികരിച്ചിട്ടില്ല...അതെല്ലാം നിനക്ക് സ്വന്തമായവയാണ്

ഈ മാനസികനില നമ്മുക്കും ലഭിക്കട്ടെയെന്നു പ്രതിക്ഷിക്കാം
നായ നമ്മളെ കടിച്ചാല്‍ നമ്മുക്ക് അതിനെ തിരിച്ചു കടിക്കാന്‍ പറ്റുമോ ??
ചേറില്‍ കല്ല്‌ എറിഞ്ഞാല്‍ ചേറ് നമ്മുടെമേല്‍ തെറിക്കും !
ക്ഷമയുണ്ടെങ്കില്‍ കോപം അടക്കിനിര്‍ത്തുവാന്‍ എളുപ്പമായിരിക്കും
================================================

നമ്മുടെ ജിവിതം... അന്നും ഇന്നും !!

=======================================

നമ്മുടെ ദിനങ്ങള്‍ എത്ര വേഗത്തിലാണ്  പോയി കൊണ്ടിരിക്കുന്നത്.    എല്ലാവര്‍ക്കും തിരക്ക് ,എല്ലാത്തിനും തിരക്ക്.വാരാന്ത്യത്തിലെ അവധിയും  നേരത്തെ പ്ലാന്‍ ചെയ്തു  തിരക്കുകളുടെ ഇടയില്‍ അനുഭവിക്കേണ്ട അവസ്ഥ.

നമ്മുടെ ജിവിതം എന്ന് മുതല്‍ ഇങ്ങനെ മാറിതുടങ്ങി ....?
സാങ്കേതികവിദ്യയുടെ വളര്‍ച്ച നമ്മളെ മൊത്തത്തില്‍ വിഴുങ്ങിയപ്പഴോ ...?
സ്വാര്‍ത്ഥത കുടിപോയതുകൊണ്ട് ഉണ്ടായ അരക്ഷിതാവസ്ഥയെ മറികടക്കാന്‍,കാശു സമ്പാദിക്കാനായി നമ്മള്‍ എന്തും ചെയ്യാന്‍ തയ്യാറായി മനഃസാക്ഷിയെ പണയം വെച്ചപ്പഴോ...?

ആഗ്രഹങ്ങളാണ് ദുഃഖത്തിനു കാരണമെന്നു സ്കൂളില്‍ പഠിച്ച ബുദ്ധന്‍റെ വാക്ക് അന്ന് രണ്ടു മാര്‍ക്ക് കിട്ടുമായിരുന്ന ചോദ്ദ്യത്തിനുള്ള ഉത്തരം മാത്രമായിരുന്നു.ഇപ്പോള്‍ തോന്നുന്നു അതില്‍ എന്തോക്കൊയോ അര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നുവെന്ന്.

ആഗ്രഹിച്ച ഒന്ന് നേടികഴിഞ്ഞ സന്തോഷത്തില്‍  മയങ്ങികിടക്കുമ്പോളായായിരിക്കും ,അതുമായി ബന്ധപ്പെട്ട കുറെ കുരുക്കുകള്‍ നമ്മുടെ കഴുത്ത് ഞെരിക്കാന്‍തുടങ്ങന്നുത്.
അപ്പോള്‍ ആലോചിക്കുന്നത് നേടിയത് വേണ്ടായിരുന്നുവെന്ന്

പലതും വെട്ടിപിടിക്കാനുള്ള ഓട്ടപന്തയത്തിനിടയില്‍  നമ്മുടെ ജീവിതവും യാന്ത്രികമയായിതിരുകയും,അഭിരുചികള്‍  നഷ്ടപ്പെടുകയോ 
സ്മ്രിതിഭ്രംശം സംഭവിക്കുകയോ ചെയ്യുന്നു.

ടെലിവിഷന്‍ ,കമ്പ്യൂട്ടര്‍ തുടങ്ങിയ ശാത്ര-സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തങ്ങള്‍ നമ്മുടെ സമുഹതിനുള്ളില്‍ 
എത്തുന്നതിന് മുന്‍പ് മനുഷ്യര്‍ക്ക്   തന്‍റെ സഹജിവിയുടെ ആവിശ്യം അധികം വേണ്ടിയിരുന്നു കാലമുണ്ടായിരുന്നു.
==================================================================

നവമാധ്യമങ്ങളിലെ എഴുത്ത്

=================================
എന്‍റെ സ്കൂള്‍ -കോളേജ് പഠനകാലത്ത് വായനക്കായി പുസ്തകങ്ങളും പത്രങ്ങളും മാസികളും മാത്രമായിരുന്നു ആശ്രയം.നാട്ടിലെ വായനശാലകള്‍,കോളേജ് ലൈബ്രറി, വിട്ടില്‍ എത്തിചേരുന്ന പത്രങ്ങള്‍ ,വാരിക ,മാസിക ,മറ്റ്പുസ്തകങ്ങള്‍ ഇവയൊക്കെയായിരുന്നു വായനയുടെ ലോകത്ത് ഉണ്ടായിരുന്നത്.അന്ന് സാഹിത്യമേഖലയും വളരെ ചുരുക്കം ചിലരില്‍ ഒതുങ്ങിനിന്നു.മുന്‍നിര എഴുത്തുകാരുടെ സൃഷ്ടികള്‍ മാത്രം അന്നത്തെ മാധ്യമങ്ങളും പ്രസാധകരും പ്രസിദ്ധികരിച്ചു.വളരെ പരിമിതമായ സാധ്യതകള്‍ മാത്രമേ പ്രസിദ്ധികരണ രംഗത്ത്‌ പുതുതായി എത്തുന്ന എഴുത്തുകാര്‍ക്ക് ലഭിച്ചിരുന്നുള്ളൂ. 

സാഹിത്യസൃഷ്ടികളില്‍ വായനകാരന് നിയന്ത്രിതമായ ഒരു ഇടപെടല്‍ മാത്രമാണ് ആ കാലഘട്ടങ്ങളില്‍ നടത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.അഭിപ്രായങ്ങളും ചര്‍ച്ചകളും ചില മതില്‍കെട്ടുകള്‍ക്കുള്ളില്‍  മാത്രം നടത്തപ്പെട്ടു.

ഒരു കാലഘട്ടത്തില്‍ ഇന്നത്തെപ്പോലെ വളര്‍ച്ചനേടിയിട്ടില്ലാത്ത  സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന പ്രിന്റിംഗ് മേഖല ചിലവേറിയതിനാല്‍  സ്വന്തമായി പുസ്തകം അച്ചടിച്ച്‌ പുറത്തിറക്കുന്നതും പലര്‍ക്കും നടക്കാത്ത മോഹമായിതന്നെ തുടര്‍ന്നു.അന്നത്തെ ചില കൈയെഴുത്ത് മാസികളിലും കോളേജ് മാഗസിനുകളിലും പ്രാദേശികകുട്ടി പത്രങ്ങളിലും വന്ന തങ്ങളുടെ കവിതയും കഥകളും ലേഖനങ്ങളും കണ്ട് ചിലര്‍ നിര്‍വൃതിയടഞ്ഞു.

പലരും എഴുതിയവ  പ്രസിദ്ധികരിക്കാന്‍ സാധിക്കാതെ എല്ലാം കെട്ടുകളായി സ്വന്തം മുറിയിലോ തട്ടിന്‍പുറത്തോ ഇടേണ്ട നിലയിലേക്ക് എത്തിയവരും ഉണ്ട് .പക്ഷെ പില്‍ക്കാലത്ത് അതില്‍ പല സാഹിത്യസൃഷ്ടികളും ആത്മാവിഷ്‌കാരമാണെന്ന് വായനകാരന് അറിയാന്‍കഴിഞ്ഞത്,നവ മാധ്യമങ്ങള്‍ തുറന്നുതന്ന അതിരുകള്‍ ഇല്ലാത്ത വായനയുടെ  ലോകമായിരുന്നു.

ലോകമെങ്ങും കമ്പ്യൂട്ടര്‍വല്‍ക്കരണവും ഇന്റര്‍നെറ്റും വന്നതോടുകുടി  നിരവധിഓണ്‍ലൈന്‍ പോര്‍ട്ടലുകകള്‍ ആരംഭിക്കുകയും സോഷ്യല്‍മിഡിയുടെ സാധ്യതകള്‍ വിപുലമായി ഉപയോഗിക്കാനും തുടങ്ങി. ബ്ലോഗ്‌,ഫേസ്ബുക്ക്‌,ഓണ്‍ലൈന്‍ പോര്‍ട്ടല്‍  ,ഗൂഗിള്‍,യാഹു ഇ-മാഗസിനുകള്‍ തുടങ്ങിയ നവമാധ്യമങ്ങളില്‍ എഴുത്തുകാര്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രസിദ്ധികരിക്കുക വഴി അത് വായനക്കാരില്‍ എത്തിക്കുവാനും,അവരുടെ അഭിപ്രായങ്ങള്‍ ഉടന്‍ അറിയുവാനും സാധിച്ചു.ലോകത്തിന്‍റെ ഏതുകോണില്‍നിന്നും ആര്‍ക്കും സംവാദങ്ങളില്‍ പങ്കെടുക്കാനും, സൃഷ്ടികളില്‍ അഭിപ്രായം രേഖപ്പെടുത്താനുമുളള ഒരു തുറന്ന വേദിയായി നവമാധ്യമങ്ങള്‍. ഇതിനെ ദുരുപയോഗം ചെയ്യുന്നവരും ഉണ്ടെന്ന വസ്തുതയും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ മറ്റ് ഏതൊരു സമുഹത്തെക്കാളും വായനയ്ക്ക് പ്രാധാന്യം നല്‍കുന്നത് മലയാളിയാണെന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്.ഒരു എഴുത്തുകാരന്‍ എത്രയെണ്ണം പടച്ചുവിട്ടു എന്നതിനെക്കാളും അയാള്‍ തന്‍റെ ഹൃദയത്തിലുള്ള ചിന്തകള്‍ സമുഹത്തിന് മുന്നില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്ന ഭാഷയും ശൈലിയുമാണ്‌ വായനക്കാരന്റെ മനസ്സില്‍ ആ എഴുത്ത് മികവുറ്റാതാക്കിതിര്‍ക്കുന്നത്

‌സൈബര്‍ ഇടങ്ങളില്‍ എഴുതുന്നവരെ ഒരു പക്ഷെ സാഹിത്യലോകം അംഗികരിക്കുന്നുണ്ടാവില്ല.കലാകാലങ്ങളായി വ്യത്യസ്തമായി ചിന്തിച്ചവരെല്ലാംതന്നെ പരിഹാസം കേട്ടിട്ടുണ്ട്.അത് പോലെ ഇ -ഇടങ്ങളില്‍ എഴുതുന്നവരെയും പരിഹസിക്കുന്നവര്‍ ഉണ്ടായിരിക്കാം.വരും തലമുറ പുര്‍ണ്ണമായി സൈബര്‍ ഇടങ്ങളില്‍ മാത്രം വ്യപാരിക്കുമ്പോള്‍,അച്ചടിച്ചു വച്ചിരിക്കുന്നവയ്ക്ക് വായനക്കാര്‍ എത്രമാത്രം ഉണ്ടാവുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

സര്‍ഗാത്മക സാഹിത്യം  ഭാവിയില്‍ ബ്ലോഗിലുടെയാവാം ലോകം കാണുക എന്നതിന്റെ സൂചനയാണ് മുഖ്യ ധാരയിലുള്ള അറിയപ്പെടുന്ന സാഹിത്യകാരന്മാര്‍ ബ്ലോഗിനെ ശ്രദ്ധി ക്കാന്‍ തുടങ്ങിയിരിക്കുന്നതില്‍ നിന്ന് വ്യക്തമാകുന്നത്. സൈബര്‍ ലോകം കൂടുതല്‍ വിപുലമായതോടെ ആവിഷ്ക്കാര ത്തിനു  പുതിയ വഴികള്‍ ഉരു ത്തിരിഞ്ഞു വന്നു.

ലോകത്തിന്‍റെ തന്നെ മുഖച്ഛായ മാറികൊണ്ടിരിക്കുന്ന കാലഘട്ടത്തിലുടെയാണ് നാം കടന്നുപോയികൊണ്ടിരിക്കുന്നത്.സാങ്കേതികവിദ്യ അതിവേഗം ബഹുദുരം മുന്‍പോട്ടു പോയികൊണ്ടിരിക്കുന്നു.കാലത്തിനൊത്ത് നമ്മളും മാറികൊണ്ടിരിക്കുന്നു.  തിരക്ക്പിടിച്ച ജിവിതത്തില്‍  വായനക്ക് ടാബുകളും സ്മാര്‍ട്ട്‌ഫോണുകളും കമ്പ്യൂട്ടറും ഉപയോഗിക്കാന്‍ തുടങ്ങി.

പ്രമുഖ പ്രസധാകരെല്ലാംതന്നെ പ്രസിദ്ധികരിച്ച സാഹിത്യസൃഷ്ടികള്‍  അവരുടെ വെബ്‌സൈറ്റുുകളില്‍  നിന്നും കാഷ് പേ ചെയ്താല്‍  ഡൌണ്‍ലോഡ്   ചെയ്തു വായിക്കുവാനുള്ള സംവിധാനങ്ങളും ഏര്‍പ്പാടാക്കി തുടങ്ങി.
നവമാധ്യമങ്ങളിലെ എഴുത്തും മുഖ്യധാരയിലേക്ക് വരുന്ന കാലം
  വിദുരത്തിലല്ല

========================================================================================


ചില സുഹൃത്തുക്കള്‍ !!! ...ചില പാഠങ്ങള്‍ !!! (ഒരു പഴയ സംഭവം)

========================
നമ്മുടെ ജിവിതയാത്രയില്‍ കുറെ സുഹൃത്തുക്കളെ നമ്മുക്ക് കിട്ടുന്നു,അവരുമയായി ഇടപഴുകുമ്പോള്‍ നമ്മുക്ക് അറിയാന്‍ സാധിക്കും,ഓരോരുത്തര്‍ക്കും വ്യത്യസ്തമായ സ്വഭാവ ഗുണഗണങ്ങളുടെ ഉടമകള്‍ ആണെന്ന്.അതില്‍ നന്മയും തിന്മയും ഉണ്ടായിരിക്കും.!

എന്‍റെ ചില സുഹൃത്തുക്കളുടെ ഗുണഗണങ്ങളില്‍ കണ്ടതില്‍ ചിലത് ഞാന്‍ എന്നില്‍ പകര്‍ത്തിയിട്ടുണ്ട് ,അത്തരം ഒരു സംഭവം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായി ,അത് ഞാന്‍ ഇവിടെ കുറിക്കുന്നു !

വരാപ്പുഴ അതിരുപതയുടെ കിഴില്‍ ഉള്ള ഒരു സെമിനാരിയില്‍ കുറച്ചുകാലം ഞാന്‍ പഠിക്കുകയുണ്ടായി (ചില വ്യക്തിപരമായകാരണങ്ങളാല്‍ പഠനം പുര്‍ത്തിയാക്കാന്‍ സാധിച്ചില്ല )എനിക്ക് അന്ന് ആ സെമിനാരിയിലേക്ക് പോകാന്‍ വേണ്ട എല്ലാ കാര്യങ്ങളും ഏര്‍പ്പാടാക്കിതന്നത്,
എന്‍റെ വിടുമായി അടുത്ത് ബന്ധമുണ്ടായിരുന്ന Fr. Andrew OFM Cap ആയിരുന്നു.അദ്ദേഹം ഞങ്ങളുടെ വിടിന് കുറച്ചു അകലെയുള്ള ഒരു Capuchin ആശ്രമത്തിലെ Superior ആയിരുന്നു.

ഞാന്‍ പഠിക്കാന്‍ പോയ സെമിനാരിയില്‍ കേരളത്തിലെ മിക്ക സ്ഥലങ്ങളില്‍നിന്നും കുറെ പേര്‍ ഉണ്ടായിരുന്നു.അതില്‍ അലക്സ്‌(കൊല്ലം)ജോളി(കൊച്ചി)പിറ്റര്‍ (ആലപ്പുഴ)പിന്നെ ഞാനും അടുത്ത സുഹൃത്തുക്കളായി.(ജോളിയും പിറ്ററും പഠനം പുര്‍ത്തിയാക്കി പില്‍കാലത്ത് പുരോഹിതരയായി സേവനം ചെയ്യുന്നു)

അന്ന് ഞങ്ങള്‍ നാലുപേരും എന്ത് കാര്യമുണ്ടെങ്കിലും പരസ്പരം ചര്‍ച്ച ചെയുകയും ,രാത്രി പ്രാര്‍ത്ഥനയ്ക്ക് ശേഷം Dormitory ഇരുന്ന് കുറെ നേരം സംസാരിക്കുകയും ചെയ്യും.
ഇന്നത്തെപ്പോലെ ആധുനിക സൌകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ട് വിടുകളിലേക്കും അവിടെ നിന്ന് ഞങ്ങള്‍ക്കും ലെറ്റര്‍ വഴിയാണ് സുഖവിവരങ്ങള്‍ അറിയിച്ചിരുന്നത്.

ഒരു ദിവസം രാത്രി Dormitory ഇരുന്ന് ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ,അലക്സ്‌ മാത്രം ഒരു കത്ത് എഴുതി കൊണ്ടിരുന്നു. ഞങ്ങള്‍
മുന്നുപേരും ഓരോന്ന് പറഞ്ഞു സംസാരിച്ചു കൊണ്ടിരുന്നു.
അലക്സ്‌ വിട്ടിലേക്ക് കത്ത് എഴുതി കൊണ്ടിരിക്കുകയാണെന്ന് കരുതി അവനെ ശല്ല്യം ചെയ്യാന്‍ പോയില്ല.ഇടയ്ക്ക് അവനിരിക്കുന്ന ഭാഗത്തേക്ക് നോക്കിയപ്പോള്‍ കത്ത് എഴുതികൊണ്ടിരുന്നവന്‍ എഴുത്ത് നിര്‍ത്തി പെട്ടെന്ന് കണ്ണുമടച്ച് ,കൈകുപ്പി രണ്ടു മിനിട്ട് ഇരുന്നിട്ട് വിണ്ടും എഴുത്ത് തുടര്‍ന്നു.

എഴുതികൊണ്ടിരുന്നവന്‍ പെട്ടെന്ന് എന്താണ് ഇങ്ങനെ ചെയ്യാന്‍ കാരണം എന്താണെന്ന് അറിയാനുള്ള ജിജ്ഞാസ (അടുത്തവന്റെ ജിവിതത്തെ കുറിച്ച്
------------------------------------
അറിയാനുള്ള അമിതആവേശം...മനുഷ്യസ്വഭാവങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്)
--------------------------------------------------------------------------------------

ഞാന്‍ അടുത്ത് പോയി ചോദിച്ചു ...ആര്‍ക്കാ ബ്രദര്‍ കത്ത് എഴുതുന്നത്‌ .....?
അവന്‍ കത്ത് എടുത്ത് എന്‍റെ കൈയില്‍ തന്നിട്ട് പറഞ്ഞു...ഇതില്‍ ഒളിക്കാന്‍ ഒന്നുമില്ല ബ്രദര്‍ വായിച്ചോ...!

ആ കത്ത് ഞാന്‍ വായിച്ചു നോക്കി ,അത് അവന്‍റെ കൂടെ നാട്ടില്‍ ഒന്നിച്ചു പഠിച്ച സുഹൃത്ത്‌ ഒരുവനുള്ള കത്ത് ആയിരുന്നു.
അവന്‍റെ ആ സുഹൃത്ത്‌ തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തിതിനാല്‍,നാട്ടിലുള്ള ഒരു മോട്ടോര്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലിക്ക് പോയി തുടങ്ങിയെന്നും മറ്റ് സുഖദുഃഖവിവരങ്ങളും അടങ്ങിയ ഒരു കത്ത് നേരത്തെ അലക്സിനു അയച്ചിരുന്നു.

അതിനുള്ള മറുപടിയാണ് അവന്‍ അന്ന് രാത്രി എഴുതികൊണ്ടിരുന്നത്...കത്തില്‍ അവന്‍റെ സുഹൃത്തിനു വേണ്ടി ''പ്രാര്‍ത്ഥിക്കുന്നു''എന്ന് എഴുതിയപ്പോള്‍...അത് എഴുത്തില്‍ മാത്രം ആയിപോകതിരിക്കാന്‍ ആണ് കണ്ണുകള്‍അടച്ചു കൈകുപ്പി 'ദൈവത്തോട് ആ സുഹൃത്തിന്‍റെ കഷ്ടപ്പാടുകളില്‍ തുണയായിരിക്കുവാന്‍' രണ്ടു മിനിട്ട് അപ്പോള്‍ തന്നെ പ്രാര്‍ത്ഥന ചെയ്തത്.

പ്രാര്‍ത്ഥനകള്‍ക്ക് ശക്തി ഉണ്ടെന്നതിനാല്‍ ആരോടെങ്കിലും ''ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു''എന്ന് വാക്കുകളാലോ എഴുത്തിലോ വെറുതെ പറയാതെ ...അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണം...എന്ന കാര്യം അന്ന് മുതല്‍ ഞാന്‍ അലക്സില്‍ നിന്നും പഠിച്ചു !

പിന്‍കുറിപ്പ് :-വാക്കുകള്‍ കൊണ്ടും എഴുത്ത് കൊണ്ടും വെളിപ്പെടുത്തുന്ന നല്ല ഗുണങ്ങള്‍ പ്രവര്‍ത്തിയിലും പ്രകടിപ്പിക്കുന്നത് നല്ലത് !!!!

=========================================================

ഒരു കേരളാബന്ദും ബന്ദിന്‍റെ വകയായി കിട്ടിയ അടിയും(ഒരു പഴയകഥ)

=====================================

കോളേജ് പഠനകാലത്ത് ഒരു രാഷ്ട്രിയപാര്‍ട്ടിയുടെ യുവജനസംഘടനയുടെ ജില്ലാസെക്രെട്ടറിയായും മാതൃഭൂമിസ്റ്റഡിസര്‍ക്കിളിന്റെ പ്രവര്‍ത്ത‍നങ്ങളുമായി നാട്ടിലും ജില്ലാആസ്ഥാനത്തും ചുറ്റിതിരിഞ്ഞിരുന്ന കാലം.അന്നു ഞങ്ങളുടെ പാര്‍ട്ടി പ്രസിഡന്റ് മന്ത്രിയായി ഭരണത്തില്‍ ഇരിക്കുന്ന മുന്നണിയുടെ ഭാഗമായിരുന്നു.നാട്ടില്‍ ഒരു കുട്ടിനേതാവെന്നനിലയില്‍ കുറച്ച് ബഹുമാനമൊക്കെ കിട്ടികൊണ്ടിരുന്ന സമയം.

ഭരണമുന്നണിക്ക്‌ എതിരായി ഒരു കേരളാബന്ദ് അന്നത്തെ പ്രതിപക്ഷമുന്നണി പ്രഖ്യാപിക്കകയുണ്ടയായി,പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയായിരുന്നു ഞങ്ങളുടെ പഞ്ചായത്തിലും ജില്ലയിലും ശക്തരായായിരുന്നത്.

ബന്ദ് ദിവസം എന്‍റെ അയല്‍കാരനും സുഹൃത്തുമായ അബു ഇക്ക പറഞ്ഞു അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനു പെട്ടെന്ന് സുഖമില്ലാതെ ആയതുകൊണ്ട് അവരുടെ വിട് വരെ അബുക്കയെ എത്തിച്ചുകൊടുക്കാമോ എന്ന്.....ഇങ്ങോട്ട് വന്ന്‌ ഒരു കുട്ടിനേതാവിന്‍റെ അടുത്ത് ആവിശ്യപ്പെട്ടപ്പോള്‍ രണ്ടും കല്‍പ്പിച്ചു എന്‍റെ നര്‍മ്മദ സ്കുട്ടറിന്റെ പിറകില്‍ അബുക്കയെയും ഇരുത്തി യാത്ര തിരിച്ചു.

ഞങള്‍ക്ക് പോകേണ്ടിയിരുന്ന പ്രദേശത്താണെങ്കില്‍ ഒരേഒരു രാഷ്ട്രിയപാര്‍ട്ടിപ്രവര്‍ത്തകര്‍ മാത്രമേയുള്ളൂ ..അത്‌ ബന്ദ് പ്രഖ്യാപിച്ച പാര്‍ട്ടിയുടെപ്രവര്‍ത്തകര്‍....ഒരു യുവജനസംഘടനയുടെ നേതാവിനെ അത്രപെട്ടെന്ന് കയ്യേറ്റം ചെയ്യില്ല എന്ന ധൈര്യവും ചെരുപ്പത്തിന്‍റെ ചോരത്തിളപ്പും എന്നെ അവിടേക്ക് ബന്ദ് ദിവസം അബുക്കയെ കൊണ്ടുപോകാന്‍ ഇടയാക്കിയത്.

ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്ന വിടിന് അടുത്ത് എത്താറായപ്പോള്‍ കുറച്ചുആളുകള്‍ സ്കൂട്ടര്‍ തടഞ്ഞു.പരിചയമുള്ളവരും അവരുടെ കുട്ടത്തില്‍ ഉണ്ടായിരുന്നു.അവരില്‍ ഒരാള്‍ ചോദിച്ചു...'''നാ.....മോനെ എനക്ക് എന്താടാ ഇന്ന് ബന്ദാന്നു അറിയുല്ലേ...നീ എടയാ സ്കൂട്ടറിമ്മ തിരിഞ്ഞുകളിക്കന്നു'''

പിറകില്‍ ഇരുന്ന അബുക്കയാണ് മറുപടി പറഞ്ഞത്'''ഞമ്മളെ ചങ്ങായിക്ക് സുഖമില്ല,ഓനെ നോക്കാന്‍ പോന്നതാ''

'''നിന്‍റെ ഒലക്കംമലെ ചാങ്ങായിനെ നോക്കാന്‍ പോക്ക്''ഇങ്ങനെ പറഞ്ഞു കൊണ്ട് ഒരാള്‍ എന്‍റെ മുഖമടച്ച് ശക്തിയുള്ള ഒരു ഇടി പാസ്സാക്കി
കുറച്ചുനേരത്തേക്ക് എനിക്ക് ഒന്നു കാണാന്‍ പറ്റാത്തതായി..സ്കൂട്ടറും അതില്‍ ഇരുന്ന ഞാനും അബുക്കയും ചരല്‍നിറഞ്ഞ പാതയില്‍ മറിഞ്ഞു വിണു.

വേദനസഹിച്ച് അല്‍പ്പം കണ്ണുതുറന്നു നോക്കിയപ്പോള്‍ അതാ വേരെരുത്തന്‍ ഒരു കല്ലുമെടുത്ത് എന്‍റെ നേരെ ഓടി വരുന്നു.മനസ്സില്‍ സകല പുണ്ണ്യവളന്മാരെയും വിളിച്ചു പോയി.പെട്ടെന്നാണ് ആ സ്ഥലവാസിയ എന്നെ അടുത്ത് പരിചയമുള്ള ഒരു ചേട്ടന്‍ അവിടേക്ക് വന്നത്.അയാള്‍ അവനെ തടഞ്ഞു.''ഓന്‍ പോയിക്കോട്ട്''

വല്ലവിധേനയും ആ ചേട്ടന്‍ ഞങ്ങളെ അവിടെ നിന്നും പ്രധാന കവലവരെ എത്തിച്ചു..

അതിനുശേഷം ബന്ദ് ...ഹര്‍ത്താല്‍ എന്നൊക്കെ കേട്ടാല്‍ അന്നു കിട്ടിയ അടിയും അതിന്‍റെ വേദനയുമാണ്‌ പെട്ടെന്ന് ഓര്‍മ്മയില്‍ ഓടിയെത്തുന്നത്

=================================================

അഹന്തയുടെ നിറം

------------------------------

നമ്മള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളിലും ''ഞാന്‍'' എന്ന അഹന്തയുടെ നിറം ഉണ്ടെങ്കില്‍ സത്യം അറിയാന്‍ സാധിക്കാത്ത രിതിയില്‍ നമ്മെ അത് തടയുന്നു.
മനസ്സ് എന്നത് ഉള്ളതുവരെ.....ചിന്തകള്‍ ഉണ്ടായിരിക്കുംചിന്തകള്‍ അവസാനിക്കാത്ത കാലംവരെ......പ്രവര്‍ത്തികള്‍
അവസാനിക്കുന്നില്ല
പ്രവര്‍ത്തികള്‍ക്ക് പരിണിതഫലവും ഉണ്ടാകുന്നു
പരിണിതഫലങ്ങള്‍ നമ്മുടെ ജിവിതത്തില്‍ സന്തോഷവും ദുഃഖവും ഉണ്ടാക്കികൊണ്ടിരിക്കും
ദുഃഖവും പ്രയാസങ്ങളും നിറഞ്ഞ ജിവിതം
നമ്മുടെ മനസ്സില്‍ അശാന്തി വിതയക്കുന്നു
സന്തോഷം ചില സമയങ്ങളില്‍ ദുഃഖമായി മാറുന്നു
ദുഃഖം ചില സമയങ്ങളില്‍ സന്തോഷമായി മാറുന്നു
സന്തോഷവും ദുഃഖവും നിറഞ്ഞ നാളുകള്‍ മാറി മാറി വന്നു ജിവിതത്തില്‍ ഒരു സമരം തന്നെ നടക്കുന്നു.
ഈ സമരത്തിനിടയില്‍ മനുഷ്യബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാകുന്നു

സുഖവും ദുഃഖവും കുടികലര്‍ന്ന ജിവിതഅവസ്ഥവിട്ട് നിരന്തരമായസന്തോഷം മാത്രം നിറഞ്ഞ അവസ്ഥ തേടികൊണ്ടിരിക്കുന്നു മനുഷ്യന്‍
അത് എവിടെ ലഭിക്കും ? എങ്ങനെ നേടാന്‍ കഴിയും ?
ആ നിരന്തര സുഖജിവിതം തേടി ഓരോ മുനുഷ്യനും ജിവിതകാലം മുഴുവന്‍ അലയുന്നു
ആ യാത്രയില്‍ നിരാശകള്‍ ,നഷ്ടങ്ങള്‍ ,വേര്‍പാടുകള്‍ എത്രയോ ഉണ്ടാകുന്നു
ജീവിതകാലം പാഴാക്കികളയുകയും ചെയ്യുന്നു
സത്യത്തില്‍ ആ നിരന്തരസന്തോഷം നമ്മുടെഉള്ളില്‍ ഒളിഞ്ഞിരിക്കുന്നു എന്നത് അറിയുമ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കുന്നത്‌

സ്നേഹം

സ്നേഹം അത് നമ്മുടെ ഉള്ളില്‍ ഉണ്ടെന്ന് നാം അറിയാത്ത കാലത്തോളം ,നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ അഹന്തയുടെ നിറം കലര്‍ന്നിരിക്കും.

അത് നമ്മളെ പലരില്‍ നിന്നും അകറ്റുന്നു....പല സത്യങ്ങളും അറിയാന്‍ സാധിക്കാതെ'' ഞാന്‍'' എന്ന അഹന്തയുടെ ചുവരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി പോകുന്നു

======================================

മറക്കാന്‍ കഴിയാത്ത നൊമ്പരങ്ങള്‍ - ഓര്‍മ്മകുറിപ്പ്
---------------------------------------------------------------------
സുര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം കെട്ടിപ്പടുത്ത് ഒട്ടുമിക്ക രാജ്യങ്ങളെയും കോളനികളാക്കി ഭരണചക്രം തിരിച്ച ഗ്രേറ്റ്‌ബ്രിട്ടന്‍റെ ലണ്ടന്‍ നഗരത്തിലെ ഒരു കോണില്‍ തണുത്തുറഞ്ഞ രാത്രിയില്‍ ഉറക്കംകെടുത്തുന്നു ചിന്തകളെ എത്ര നിയന്ത്രിച്ചിട്ടും കടിഞ്ഞാണ്‍ ഇടാന്‍ സാധിക്കുന്നില്ല. ഒരു പതിറ്റാണ്ടില്‍ കുടുതലായി ഈ നഗരത്തിലെ അന്തേവാസിയായിട്ട്. അതിനു മുന്‍പ് അറേബ്യയിലെ
അഞ്ചാറുവര്‍ഷത്തെ ജിവിത അനുഭവങ്ങളും.

പുറത്ത് നല്ല തണുപ്പ്, മുറിയില്‍ ഹിറ്റര്‍ ഉണ്ടെങ്കിലും അതു മതിയാകാതെ വരുന്നു ഇപ്പോള്‍. പത്ത് വര്‍ഷങ്ങള്‍ക്കുശേഷം മഞ്ഞിനേയും ശൈത്യത്തെയും പ്രതിരോധിക്കാനുള്ള ശക്തി ശരിരത്തിനു നഷ്ടപ്പെട്ടുവോ എന്നു തോന്നിതുടങ്ങിയിരിക്കുന്നു. അതുകൊണ്ട്തന്നെ ഒരു പൊര്‍ട്ട്‌ബിള്‍ ഇലക്ട്രിക്‌
ഹിറ്റര്‍ മുറിയില്‍ കരുതിയിട്ടുണ്ട്. ഈ രാത്രിയിലെ തണുപ്പിനു അതും പ്രവത്തിപ്പിക്കേണ്ടിവന്നു.

രാത്രി വളരൈ വൈകി ഉറങ്ങാന്‍ കിടന്നാലും ഇപ്പോള്‍ കുറച്ചു നാളുകളായി ഉറക്കം കണ്ണുകള്‍ക്ക് അന്യമായതുപോലെ. കണ്‍പോളകള്‍ അടച്ചാലും നാടും വിടും നഷ്ടപ്പെട്ട ബാല്യവും അങ്ങനെ ഓരോ ഓര്‍മ്മകള്‍ വന്നുപോയി. ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും ആ നാളുകളിലേക്ക്, എന്‍റെ ഗ്രാമത്തിലേക്ക്, തറവാട്ടിലേക്ക് ഒരു യാത്ര തുടങ്ങുന്നു, ഇടയക്ക് എപ്പോഴോ അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീഴുന്നു.
പാടങ്ങളും വൃക്ഷങ്ങളും നിറഞ്ഞു നില്‍ക്കുന്ന പറമ്പുകളും
കുളങ്ങളും തോടുകളും അങ്ങനെ ഒരു ഗ്രാമമാണ്‌ എന്‍റെ ജന്മദേശം. നിറയെ ക്ഷേത്രങ്ങലും, കാവുകളും, പള്ളികളും, മോസ്ക്കുകളും ഉള്ള ഞങളുടെ കൊച്ചു ഗ്രാമം. ചെമ്മണ്‍പാതയിലുടെ പോയി വയലുകളും തോടുകളും താണ്ടി വഴിയില്‍ കാണുന്നവരോട് കുശലം പറഞ്ഞും
എല്ലാ ഞാറയാഴ്ച്ചയും രാവിലെ നാലഞ്ചു കിലോമീറ്റര്‍ നടന്നു ഞങ്ങള്‍ പള്ളിയില്‍ പോകുമായിരുന്നു. ക്രിസ്തുമസ് രാവില്‍ രാത്രി ഏറെ വൈകിയുള്ള കുര്‍ബാനയ്ക്ക് പോകുന്നത് വളരെ രസകരവും ഞാന്‍ ഏറെ ഇഷ്ടപ്പെട്ട ഒരു കാര്യവുംമാണ്. രാത്രിയുടെ നിശബ്ധതയില്‍ എല്ലാ അയല്‍വിട്ടുകാരും ഉറങ്ങുമ്പോള്‍ ഞങ്ങള്‍ മാത്രം ഉണര്‍ന്നിരിക്കും.പള്ളിയില്‍ നിന്നു തിരിച്ചു വരുമ്പോള്‍ നേരം പുലര്‍ന്നിരിക്കും. ക്രിസ്ത്യാനികളായി വളരെ കുറച്ചു പേര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അതില്‍ പ്രധാനമായും ഹൈസ്കൂള്‍ അധ്യാപകനായിരുന്ന മത്തായി മാസ്റ്റര്‍ ആയിരുന്നു. ഞാന്‍ അഞ്ചാം ക്ലാസ്സു മുതല്‍ പഠിച്ചതു വന്‍കുളത്തുവയലില്‍ ഉള്ള ഹൈസ്കൂളിലായിരുന്നു. സ്കൂള്‍ തുറക്കുമ്പോള്‍ പുത്തന്‍ ഉടപ്പാകെ നനഞ്ഞ് സ്കൂളിലെ ആടുന്ന ബഞ്ചിലിരുന്ന തുറന്നിട്ട ജനലിലൂടെ മഴയോട് കിന്നാരം പറഞ്ഞ പറഞ്ഞ നാളുകള്‍......
പെയ്തിറങ്ങുന്ന മഴയില്‍ നിന്ന് രക്ഷപെടാന്‍ വാഴയിലയുടെ തണലില്‍ അഭയം തേടിയത് ..... മഴ നനയാതിരിക്കാന്‍ പല്ലുകൊണ്ട് വാഴക്കൈ കടിച്ച് പറിച്ച് കുടയാക്കിയത്...
ആല്‍മരത്തിന്‍റെ തണലില്‍ കുട്ടുകരോടൊപ്പം മഴയില്‍ നിന്ന് ഓടിഒളിച്ചത്..... നിറഞ്ഞ് കിടക്കുന്ന പാടത്തെ ചേറ് വെള്ളത്തില്‍ ഓടിക്കളിച്ചത് .... പെയ്‌ത്തുവെള്ളം നിറഞ്ഞ തോടുകളില്‍ കണ്ണന്‍ ചെമ്പിലകൊണ്ട് വള്ളമുണ്ടാക്കി ഒഴുക്കിവിട്ടത് ...... ചേമ്പില വള്ളങ്ങള്‍ എങ്ങും തട്ടാതെ പോകാന്‍ അവയ്ക്ക് വഴി ഒരുക്കാന്‍ തോട്ടിലെ വെള്ളത്തിലൂടെ നടന്നു നീങ്ങിയത് ..... പുസ്തകങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ഉടുപ്പിനുള്ളിലൂടെ നിക്കറിനകത്തേക്ക് പൂഴ്‌ത്തി പുസ്തകങ്ങള്‍ക്ക് സംരക്ഷണം നല്‍കിയത്... കാറ്റടിക്കുമ്പോള്‍ കുടപിടച്ച് വരമ്പിലൂടെ നടക്കുന്ന പെണ്‍കുട്ടികളുടെ പാവാടപൊങ്ങുമ്പോള്‍ കൂവിവിളിച്ച നാളുകള്‍ ..... പാവം പെണ്‍കുട്ടികള്‍ പാവാടയെ അനുസരിപ്പിക്കുമോ കുടയെ അനുസരിപ്പിക്കുമോ ???? അവസാനം കുടമടക്കി അവരും
നനയുമ്പോള് ആര്‍പ്പുവിളികള്‍.... സൌഹൃദത്തിന്റെ ആര്‍പ്പുവിളികള്‍...

മഴയത്ത് പണ്ട് നടന്ന പാടത്തെ ചേറ്റു വരമ്പുകളിലൂടെ ഒരിക്കല്‍‌കൂടി നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു അറിയാതെ ആഗ്രഹിച്ചുപോയി. പാടത്തെ വരമ്പുകളില്‍ മഴയത്ത് ആര്‍പ്പുവിളിക്കുന്ന കുട്ടികള്‍ ഇന്നില്ല...പക്ഷേ മഴ ഇപ്പോഴും പെയ്യുന്നു... തന്റെ സൗന്ദര്യം ആരെങ്കിലും ഒക്കെ കാണുന്നുണ്ടന്നവള്‍ പ്രതീക്ഷിക്കുന്നുണ്ടാവാം..... വീടിനടുത്തുള്ള അനിവയല്‍കുളം മഴക്കാലത്ത് നിറഞ്ഞുകവിഞ്ഞു ഒഴുകും അടുത്ത വിട്ടിലെ വിനോദും കാദറും അങ്ങനെ എല്ലാ പയ്യന്‍സും കുളത്തില്‍ നിന്തികളിക്കാന്‍ പോകുമായിരുന്നു, ആര്‍പ്പുവിളിച്ചു ഒച്ചപ്പാടുണ്ടാക്കി ഒരു ഉത്സവം പോലെത്തെ അനുഭവമാണ്‌ അതൊക്കെയും.

നാട്ടിലെ കാവുകളില്‍എല്ലാ വര്‍ഷവും തെയ്യം കെട്ടി കൊണ്ടാടുമായിരുന്നു. രാത്രിയിലാണ് മിക്ക തെയ്യങ്ങളും
കെട്ടിയാടുന്നത്‌. കുട്ടികള്‍ നേരത്തെ സ്ഥലം പിടിച്ചു മുന്നില്‍ത്തന്നെ ഇരിക്കുമായിരുന്നു. തറവാട്ടിലെ മുതിര്‍ന്നവരും മറ്റ് എല്ലാവരും തെയ്യം നടക്കുമ്പോള്‍ കാവില്‍ ഉണ്ടായിരിക്കും. ഞങ്ങള്‍ എല്ലാ കുട്ടുകാരും പുലരുവോളം അവിടെ നില്‍ക്കുമായിരുന്നു. ഇടയ്ക്ക് വാസുവേട്ടന്‍റെ ചായപിടികയില്‍ നിന്നു കട്ടന്‍ചായ ഒക്കെ കുടിച്ചു നേരം പോകുന്നതറിയില്ല. ആ രാത്രികളുടെ സുന്ദരനിമിഷങ്ങളിലേക്ക് തിരിച്ചു പോകാന്‍ ഇനി ഒരിക്കലും കഴിയില്ലെന്ന് ഓര്‍ക്കുമ്പോള്‍, വിലപ്പെട്ടത് എന്തക്കൊയോ നഷ്‌ടമായതുപോലെ!!.

പുഴയുടെ അഗാത ഗര്‍ത്തങ്ങള്‍ ജിവന്‍ കവര്‍ന്നെടുത്ത എന്‍റെ കൊച്ചുപെങ്ങളുടെ നിലവിളി. ഒരു എട്ടു വയസുകാരിയുടെ അവസാനത്തെ കരച്ചില്‍, കണ്‍മുന്‍പിലുടെ പുഴയുടെ അഗാധയിലേക്ക് ഒഴികി മറഞ്ഞവള്‍. ഒരു യാത്ര കഴിഞ്ഞു ഞങള്‍ തിരിച്ചു വരുന്ന സമയത്തായിരുന്നു ആ അപകടം സംഭവിച്ചത്. ആര്‍ക്കും അവളെ രക്ഷിക്കാന്‍ സാധിച്ചില്ല.

പുഴയ്ക്ക് കുറുകെയുള്ള റെയില്‍വേ പാലം വഴി ഞങ്ങള്‍ നടന്നു പോകുകയായിരുന്നു, രാത്രി ആയതുകൊണ്ട് നല്ല ഇരുട്ടുമായിരുന്നു. ആ സമയത്ത് ട്രെയിന്‍ ഒന്നുതന്നെ കടന്നുപോകാനില്ലായിരുന്നു, പക്ഷെ അപ്രതിക്ഷിതമായി തിവണ്ടിയുടെ ശബ്ദം കേട്ടപ്പോള്‍ മുതിര്‍ന്നവര്‍ കുട്ടികളായ ഞങളെ പാലത്തിന്‍റെ അരികില്‍ കൂടിയുള്ള നടപാതയിലേക്ക് മാറ്റുമ്പോള്‍ തിരക്കിനിടയില്‍ പെട്ട് അവള്‍ പുഴയിലേക്ക് വിഴുകയായിരുന്നു. പെങ്ങളുടെ നിലവിളി കേട്ട അമ്മച്ചി എന്‍റെ മോളെ നീ എവിടെ എന്ന് ഉച്ചത്തില്‍ ചോദിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് പേടിച്ചരണ്ട ഞാനും ജേഷ്ഠനും മിണ്ടാനാകാതെ ശബ്ദം നിലച്ചവരെ പോലെ വിങ്ങിവിറച്ചുകൊണ്ട് അപ്പനെ മുറുകെ കെട്ടിപിടിച്ചിരിക്കുകയായിരുന്നു!!. അടുത്ത നിമിഷം അമ്മച്ചി കുഴഞ്ഞു വിണിപോയി. ആരോക്കയോ ഓടികുടി ഞങളെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു.

തിരച്ചില്‍ നടത്തിയെങ്കിലും പുഴയില്‍ നിന്നും ആര്‍ക്കും തന്നെ പെങ്ങളെ കണ്ടെത്താനായില്ല. മുന്നാം ദിവസം ജിവനറ്റ ശരിരം കണ്ടെത്തി. വിട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ കണ്ണുനീര്‍ വറ്റിയ അപ്പന്റെ കണ്ണുകള്‍ എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നോ..... ഒരു പത്ത് വയസ്സുകാരനായ എന്നില്‍ അന്നു പതിഞ്ഞ വേര്‍പാടിന്‍റെ വേദനയും വിങ്ങലും ഇപ്പോഴും എന്നെ നൊമ്പരപ്പെടുത്തുന്നു!!.