03 March 2014

നവമാധ്യമങ്ങളിലെ എഴുത്ത്

                     നവമാധ്യമങ്ങളിലെ എഴുത്ത്

നവമാധ്യമങ്ങളിലെ എഴുത്ത്

=================================
എന്‍റെ സ്കൂള്‍ -കോളേജ് പഠനകാലത്ത് വായനക്കായി പുസ്തകങ്ങളും പത്രങ്ങളും മാസികളും മാത്രമായിരുന്നു ആശ്രയം.നാട്ടിലെ വായനശാലകള്‍,കോളേജ് ലൈബ്രറി, വിട്ടില്‍ എത്തിചേരുന്ന പത്രങ്ങള്‍ ,വാരിക ,മാസിക ,മറ്റ്പുസ്തകങ്ങള്‍ ഇവയൊക്കെയായിരുന്നു വായനയുടെ ലോകത്ത് ഉണ്ടായിരുന്നത്.അന്ന് സാഹിത്യമേഖലയും വളരെ ചുരുക്കം ചിലരില്‍ ഒതുങ്ങിനിന്നു.മുന്‍നിര എഴുത്തുകാരുടെ സൃഷ്ടികള്‍ മാത്രം അന്നത്തെ മാധ്യമങ്ങളും പ്രസാധകരും പ്രസിദ്ധികരിച്ചു.വളരെ പരിമിതമായ സാധ്യതകള്‍ മാത്രമേ പ്രസിദ്ധികരണ രംഗത്ത്‌ പുതുതായി എത്തുന്ന എഴുത്തുകാര്‍ക്ക് ലഭിച്ചിരുന്നുള്ളൂ. 

സാഹിത്യസൃഷ്ടികളില്‍ വായനകാരന് നിയന്ത്രിതമായ ഒരു ഇടപെടല്‍ മാത്രമാണ് ആ കാലഘട്ടങ്ങളില്‍ നടത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.അഭിപ്രായങ്ങളും ചര്‍ച്ചകളും ചില മതില്‍കെട്ടുകള്‍ക്കുള്ളില്‍  മാത്രം നടത്തപ്പെട്ടു.

ഒരു കാലഘട്ടത്തില്‍ ഇന്നത്തെപ്പോലെ വളര്‍ച്ചനേടിയിട്ടില്ലാത്ത  സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന പ്രിന്റിംഗ് മേഖല ചിലവേറിയതിനാല്‍  സ്വന്തമായി പുസ്തകം അച്ചടിച്ച്‌ പുറത്തിറക്കുന്നതും പലര്‍ക്കും നടക്കാത്ത മോഹമായിതന്നെ തുടര്‍ന്നു.അന്നത്തെ ചില കൈയെഴുത്ത് മാസികളിലും കോളേജ് മാഗസിനുകളിലും പ്രാദേശികകുട്ടി പത്രങ്ങളിലും വന്ന തങ്ങളുടെ കവിതയും കഥകളും ലേഖനങ്ങളും കണ്ട് ചിലര്‍ നിര്‍വൃതിയടഞ്ഞു.

പലരും എഴുതിയവ  പ്രസിദ്ധികരിക്കാന്‍ സാധിക്കാതെ എല്ലാം കെട്ടുകളായി സ്വന്തം മുറിയിലോ തട്ടിന്‍പുറത്തോ ഇടേണ്ട നിലയിലേക്ക് എത്തിയവരും ഉണ്ട് .പക്ഷെ പില്‍ക്കാലത്ത് അതില്‍ പല സാഹിത്യസൃഷ്ടികളും ആത്മാവിഷ്‌കാരമാണെന്ന് വായനകാരന് അറിയാന്‍കഴിഞ്ഞത്,നവ മാധ്യമങ്ങള്‍ തുറന്നുതന്ന അതിരുകള്‍ ഇല്ലാത്ത വായനയുടെ  ലോകമായിരുന്നു.

ലോകമെങ്ങും കമ്പ്യൂട്ടര്‍വല്‍ക്കരണവും ഇന്റര്‍നെറ്റും വന്നതോടുകുടി  നിരവധിഓണ്‍ലൈന്‍ പോര്‍ട്ടലുകകള്‍ ആരംഭിക്കുകയും സോഷ്യല്‍മിഡിയുടെ സാധ്യതകള്‍ വിപുലമായി ഉപയോഗിക്കാനും തുടങ്ങി. ബ്ലോഗ്‌,ഫേസ്ബുക്ക്‌,ഓണ്‍ലൈന്‍ പോര്‍ട്ടല്‍  ,ഗൂഗിള്‍,യാഹു ഇ-മാഗസിനുകള്‍ തുടങ്ങിയ നവമാധ്യമങ്ങളില്‍ എഴുത്തുകാര്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രസിദ്ധികരിക്കുക വഴി അത് വായനക്കാരില്‍ എത്തിക്കുവാനും,അവരുടെ അഭിപ്രായങ്ങള്‍ ഉടന്‍ അറിയുവാനും സാധിച്ചു.ലോകത്തിന്‍റെ ഏതുകോണില്‍നിന്നും ആര്‍ക്കും സംവാദങ്ങളില്‍ പങ്കെടുക്കാനും, സൃഷ്ടികളില്‍ അഭിപ്രായം രേഖപ്പെടുത്താനുമുളള ഒരു തുറന്ന വേദിയായി നവമാധ്യമങ്ങള്‍. ഇതിനെ ദുരുപയോഗം ചെയ്യുന്നവരും ഉണ്ടെന്ന വസ്തുതയും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ മറ്റ് ഏതൊരു സമുഹത്തെക്കാളും വായനയ്ക്ക് പ്രാധാന്യം നല്‍കുന്നത് മലയാളിയാണെന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്.ഒരു എഴുത്തുകാരന്‍ എത്രയെണ്ണം പടച്ചുവിട്ടു എന്നതിനെക്കാളും അയാള്‍ തന്‍റെ ഹൃദയത്തിലുള്ള ചിന്തകള്‍ സമുഹത്തിന് മുന്നില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്ന ഭാഷയും ശൈലിയുമാണ്‌ വായനക്കാരന്റെ മനസ്സില്‍ ആ എഴുത്ത് മികവുറ്റാതാക്കിതിര്‍ക്കുന്നത്

‌സൈബര്‍ ഇടങ്ങളില്‍ എഴുതുന്നവരെ ഒരു പക്ഷെ സാഹിത്യലോകം അംഗികരിക്കുന്നുണ്ടാവില്ല.കലാകാലങ്ങളായി വ്യത്യസ്തമായി ചിന്തിച്ചവരെല്ലാംതന്നെ പരിഹാസം കേട്ടിട്ടുണ്ട്.അത് പോലെ ഇ -ഇടങ്ങളില്‍ എഴുതുന്നവരെയും പരിഹസിക്കുന്നവര്‍ ഉണ്ടായിരിക്കാം.വരും തലമുറ പുര്‍ണ്ണമായി സൈബര്‍ ഇടങ്ങളില്‍ മാത്രം വ്യപാരിക്കുമ്പോള്‍,അച്ചടിച്ചു വച്ചിരിക്കുന്നവയ്ക്ക് വായനക്കാര്‍ എത്രമാത്രം ഉണ്ടാവുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

സര്‍ഗാത്മക സാഹിത്യം  ഭാവിയില്‍ ബ്ലോഗിലുടെയാവാം ലോകം കാണുക എന്നതിന്റെ സൂചനയാണ് മുഖ്യ ധാരയിലുള്ള അറിയപ്പെടുന്ന സാഹിത്യകാരന്മാര്‍ ബ്ലോഗിനെ ശ്രദ്ധി ക്കാന്‍ തുടങ്ങിയിരിക്കുന്നതില്‍ നിന്ന് വ്യക്തമാകുന്നത്. സൈബര്‍ ലോകം കൂടുതല്‍ വിപുലമായതോടെ ആവിഷ്ക്കാര ത്തിനു  പുതിയ വഴികള്‍ ഉരു ത്തിരിഞ്ഞു വന്നു.

ലോകത്തിന്‍റെ തന്നെ മുഖച്ഛായ മാറികൊണ്ടിരിക്കുന്ന കാലഘട്ടത്തിലുടെയാണ് നാം കടന്നുപോയികൊണ്ടിരിക്കുന്നത്.സാങ്കേതികവിദ്യ അതിവേഗം ബഹുദുരം മുന്‍പോട്ടു പോയികൊണ്ടിരിക്കുന്നു.കാലത്തിനൊത്ത് നമ്മളും മാറികൊണ്ടിരിക്കുന്നു.  തിരക്ക്പിടിച്ച ജിവിതത്തില്‍  വായനക്ക് ടാബുകളും സ്മാര്‍ട്ട്‌ഫോണുകളും കമ്പ്യൂട്ടറും ഉപയോഗിക്കാന്‍ തുടങ്ങി.

പ്രമുഖ പ്രസധാകരെല്ലാംതന്നെ പ്രസിദ്ധികരിച്ച സാഹിത്യസൃഷ്ടികള്‍  അവരുടെ വെബ്‌സൈറ്റുുകളില്‍  നിന്നും കാഷ് പേ ചെയ്താല്‍  ഡൌണ്‍ലോഡ്   ചെയ്തു വായിക്കുവാനുള്ള സംവിധാനങ്ങളും ഏര്‍പ്പാടാക്കി തുടങ്ങി.
നവമാധ്യമങ്ങളിലെ എഴുത്തും മുഖ്യധാരയിലേക്ക് വരുന്ന കാലം
  വിദുരത്തിലല്ല