17 December 2015

പാവകള്‍

മദ്യകോപ്പയ്ക്കും അധരങ്ങള്‍ക്കും
ഇടയില്‍ വീണ കണ്ണുനീര്‍ത്തുള്ളികളില്‍
സ്നേഹം യാചിച്ചുനില്‍ക്കുന്ന
അവളുടെ പ്രതിമയെ കണ്ടതായി
അവന്‍ സത്യംചെയ്തു
അവള്‍ ഒന്നുംപറയാതെതന്നെ
എല്ലാമറിയാം എന്ന്പറഞ്ഞ അവനെ
അപ്പോഴേയ്ക്കും അവള്‍ക്ക് ഇഷ്ടമായിരുന്നു
അവന്‍കൊണ്ടുവന്ന കോപ്പയാല്‍
മദ്യവും തനിക്ക് ഒരു തുണയെ നേടിക്കഴിഞ്ഞു
ജിവിതം പോകുന്നപോക്കില്‍ വിടുന്നത്
നല്ലതെന്ന് - അവന്‍
തല ഉയര്‍ത്തി നോക്കിയാല്‍
കാണുന്ന കാഴ്ചകള്‍മാത്രം
വിശ്വസിക്കുന്നത് നല്ലതെന്നും അവന്‍പറഞ്ഞു
ഉള്ളംകൈരേഖയിലെ
കുരുക്കുകള്‍ അഴിക്കുന്നവനെപ്പോലെ
വിരലുകള്‍കൊണ്ട് ചിത്രംവരച്ചപ്പോള്‍
സ്പര്‍ശനത്തിനായി വിശന്ന ഉടല്‍
അമ്മയുടെകരുതല്‍ തുലച്ച കുഞ്ഞിനെപ്പോലെ
ചുരുണ്ടുമടങ്ങി
കോപ്പകള്‍ നിറഞ്ഞു
അപരിചിതത്ത്വത്തിനും പരിചയത്തിനും
ഇടയില്‍ എത്രയോ വര്‍ണ്ണവിളക്കുകള്‍
രാത്രിയുടെ തെരുവുകളില്‍
സ്നേഹം നഗ്നമായി ഓടുന്നു

No comments:

Post a Comment